ഒറ്റ നോട്ടത്തില്‍

തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം താലൂക്കിന്റെ വടക്കേയറ്റത്തായി സ്ഥിതി ചെയ്യുന്ന സ്പെഷ്യല്‍ ഗ്രേഡ് ഗ്രാമപഞ്ചായത്താണ് പോത്തന്‍കോട് ഗ്രാമപഞ്ചായത്ത്. അനുദിനം വികസന പാതയിലൂടെ സഞ്ചരിക്കുന്ന പഞ്ചായത്ത് കൂടെയാണ് നമ്മുടേത്. തിരുവനന്തപുരം ജില്ലയില്‍ ഏറ്റവും കൂടുതൽ കെട്ടിട നിര്‍മ്മാണം നടക്കുന്ന പ്രദേശമാണ്. മലയോര വ്യാപാര കേന്ദ്രമായ ഇവിടെ 2500 ല്‍ പരം കടകളും ഷോപ്പിംഗ് കോംപ്ലക്സുകലും മൂന്ന് പൊതു മാര്‍ക്കറ്റുകളും സ്ഥിതി ചെയ്യുന്നു. ക്ഷീരോല്‍പ്പാദന മേഖലയും കാര്‍ഷിക മേഖലയും താരതമ്യേനെ മുന്നിലാണ്. പോത്തന്‍കോട്, വാവറ അമ്പലം, വേങ്ങോട് തുടങ്ങിയവയാണ് പ്രധാന ജംഗ്ഷനുകള്‍. അത്യാധുനിക സൗകര്യങ്ങളോടു കൂടിയുള്ള ഗ്രാമപഞ്ചായത്ത് ഓഫീസും ഘടക സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നു. എന്നിരുന്നാലും അവ ഇനിയും ഏറെ മെച്ചപ്പെടാനുണ്ട്. വെള്ളാണിക്കല്‍ ടൂറിസം, പോത്തന്‍കോട് മിനി സിവില്‍ സ്റ്റേഷന്‍, മള്‍ട്ടി പര്‍പ്പസ് ഷോപ്പിംഗ് കോംപ്ലക്സ്, അത്യാധുനിക മാര്‍ക്കറ്റ് എന്നിവ ആരംഭിച്ച് പ്രവര്‍ത്തനക്ഷമമായാല്‍ വലിയ വികസന മുന്നേറ്റം പോത്തന്‍കോടിന് ഉണ്ടാകും. ജില്ലയില്‍ ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന കാരുണ്യ ബഡ്സ് സ്കൂള്‍ മറ്റു പഞ്ചായത്തുകള്‍ക്ക് മാതൃകയാണ്. മേല്‍തോന്നക്കല്‍, കീഴ്തോന്നക്കല്‍, അയിരൂപ്പാറ, അണ്ടൂര്‍ക്കോണം എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ഈ ഭൂപ്രദേശത്തിന്‍റെ വിസ്തൃതി 20.8 ച. കി.മീ. ആണ്. വടക്ക് മുദാക്കല്‍, വടക്ക്- കിഴക്ക് മാണിക്കല്‍, കിഴക്ക്- വെമ്പായം, തെക്ക്- പടിഞ്ഞാറ് അണ്ടൂര്‍ക്കോണം, പടിഞ്ഞാറ് മംഗലപുരം എന്നാ ഗ്രാമപഞ്ചായത്തുകളും കിഴക്ക്- തെക്ക്, തിരുവന്തപുരം കോര്‍പ്പറേഷനും അതിര്‍ത്തിയായിട്ടുള്ള ഈ ഗ്രാമം കുന്നുകളും താഴ്വരകളും സമതലങ്ങളും ഉള്‍പ്പെട്ട കാര്‍ഷിക ഗ്രാമമാണ്. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്‍റെയും പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്തിന്‍റെയും പരിധിയില്‍ വരുന്ന ഇവിടെ 18 വാര്‍ഡുകളാണ് നിലവില്‍ ഉള്ളത്. അവ ഇപ്രകാരം. (1. മണലകം, 2. നേതാജിപുരം, 3. തച്ചപ്പള്ളി, 4. വാവറ അമ്പലം, 5. പുലിവീട്, 6. പോത്തന്‍കോട് ഠൗണ്‍, 7. പ്ലാമൂട്, 8. അയിരൂപ്പാറ, 9. മേലേവിള, 10. കാട്ടായിക്കോണം, 11. ഇടത്തറ, 12. കരൂര്‍, 13. പണിമൂല, 14. മണ്ണറ, 15. മഞ്ഞമല, 16. കല്ലൂര്‍, 17. കല്ലുവെട്ടി, 18. വേങ്ങോട്).