ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

തിരുവനന്തപുരം താലൂക്കിന്‍റെ ഏതാണ്ട് വടക്കേ അറ്റത്തായി വെള്ളാണിക്കല്‍ കുന്നിന്‍റെയും, മലമുകളിന്‍റെയും, ആയിരവല്ലി കുന്നിന്‍റെയും താഴ്വാരത്തില്‍ പ്രകൃതി രമണീയത നിറഞ്ഞ ഗ്രാമഭംഗിക്ക് കോട്ടം വരാതെ പോത്തന്‍കോട് പഞ്ചായത്ത് പ്രദേശം നിലകൊള്ളുന്നു.

ലോകാരാധ്യനായ ശ്രീനാരായണഗുരുവിന്‍റെ ജന്മംകൊണ്ട് പവിത്രമായ ചെമ്പഴന്തിയും, വിശ്വകവി കുമാരനാശാന്‍ ദീര്‍ഘകാലം കാവ്യസപര്യ നടത്തിയിരുന്ന തോന്നയ്ക്കലും ഈ പഞ്ചായത്തിന്‍റെ തെക്കുഭാഗത്തും പടിഞ്ഞാ റുഭാഗത്തുമായി സ്ഥിതിചെയ്യുന്നു. പോത്തന്‍കോടിന്‍റെ കിഴക്കുഭാഗത്താണ് പ്രസിദ്ധമായ ശാന്തിഗിരി സ്ഥിതി ചെയ്യുന്നത്. സ്വാഭാവികമായി ഇവരുടെ ദര്‍ശനവും സാഹിത്യവും ഈ ഗ്രാമപഞ്ചായത്തിലെയും ജനങ്ങളുടെ സാംസ്കാരിക ജീവിതത്തിന്‍റെ ഉള്‍ത്തുടിപ്പുകളായി തീര്‍ന്നിട്ടുണ്ട്. കാര്‍ഷിക സംസ്കാരത്തിന്‍റെ പശ്ചാത്തലത്തില്‍ വളര്‍ന്നുവന്ന ജനതയുടെ മനസ്സിലെ ഗ്രാമനന്മകളെ പൂര്‍ണ്ണമായി തുടച്ചുനീക്കാന്‍ ആധുനിക നാഗരികതയ്ക്ക് കഴിഞ്ഞിട്ടില്ല. എങ്കിലും അറിവിന്‍റെ ആദ്യാക്ഷരങ്ങള്‍ തേടി, ലോകത്തെമ്പാടും വന്ന മാറ്റത്തിന്‍റെ ഗതിവേഗങ്ങളേറ്റുവാങ്ങി നവജീവിതം പടുത്തുയര്‍ത്താന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

പോത്തന്‍കോട് എന്ന സ്ഥലനാമത്തിന്‍റെ ഉല്‍പ്പത്തിയെക്കുറിച്ച് അന്വേഷി ക്കുമ്പോള്‍ സംഘകാലത്തിന്‍റെ പഴമകളിലേയ്ക്ക് എത്തിനോക്കേണ്ടിവരും. ബുദ്ധന്‍കോട് പുത്തന്‍കോടും, പുത്തന്‍കോട് പിന്നീട് പോത്തന്‍കോടായി രൂപാന്തരം പ്രാപിച്ചതായി പറഞ്ഞു കേള്‍ക്കുന്നുണ്ട്. ഇതൊരു കേട്ടറിവിലൂടെയുള്ള വിശ്വാസംമാത്രമായി പരിഗണിച്ചാലും പോത്തന്‍കോടിന്‍റെ പരിസര പ്രദേശങ്ങളില്‍ കാണപ്പെടുന്ന ശാസ്താക്ഷേത്രങ്ങളും, അടുത്തപ്രദേശമായ ശാസ്തവട്ടം എന്നസ്ഥലനാമവും മടവൂര്‍പ്പാറയിലെ ഗുഹാക്ഷേത്രത്തിന്‍റെ സാമീപ്യവും പഴക്കവും അയിരൂപ്പാറ എന്നപേരും പരിശോധിക്കുമ്പോള്‍ ഇവിടങ്ങളില്‍ ബുദ്ധമത സങ്കേതങ്ങളുണ്ടായിരുന്നുവെന്ന തിരിച്ചറിവില്‍ ചെന്നെത്തുന്നു.

ഒരുകാലത്ത് ഈ പ്രദേശത്തിന്‍റെ ഭൂപ്രകൃതിയില്‍ നല്ലൊരുഭാഗം വനങ്ങളായിരുന്നു. മലമുകള്‍, വെള്ളാണിക്കല്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ആദിവാസികളായ കാണിക്കാര്‍ പാര്‍ത്തിരുന്നതായി തെളിവുണ്ട്. ശേഷിക്കുന്ന ഭൂപ്രദേശങ്ങളാണ് കൃഷിയിടങ്ങളായിട്ടുണ്ടായിരുന്നത്. വനഭൂമികള്‍ ഏതാണ്ട് അമ്പതുവര്‍ഷത്തിനുമുമ്പ് വെട്ടിവെളിവാക്കപ്പെട്ടതോടെ പട്ടികവര്‍ഗ്ഗക്കാരുടെ സാന്നിദ്ധ്യവും ഇല്ലാതായി. എന്നിരുന്നാലും അവര്‍ പൂജിച്ചുവന്നിരുന്ന ക്ഷേത്രങ്ങളും, അവര്‍ തുടര്‍ന്നുവന്ന ക്ഷേത്രാനുഷ്ഠാനങ്ങളും പോറലുകളേ ല്‍ക്കാതെ നിലനില്‍ക്കുന്നത് കാണാന്‍ കഴിയും.

വനഭൂമി കഴിച്ചുള്ള കൃഷിയിടങ്ങള്‍ ഏതാനും വ്യക്തികളുടെ കൈവശമായിരുന്നു. അവതന്നെ രാജഭോഗമെന്നും, ദേവസ്വമെന്നും, ബ്രഹ്മസ്വമെ ന്നും, കാണിപ്പാട്ടമെന്നുമുള്ള പേരുകളിലാണ് വ്യവഹരിച്ചിരുന്നത്. ഇത് ജന്മിനാടു വാഴിത്തത്തിന്‍റെ സജീവസാന്നിദ്ധ്യം ഉറപ്പാക്കുന്നു. എങ്കില്‍ തന്നെയും വര്‍ഗ്ഗ വൈരുദ്ധ്യത്തിന്‍റെ സംഘര്‍ഷഭൂമിയായിരുന്നു ഇവിടം  എന്നുപറയുവാന്‍ തക്കവ ണ്ണമുള്ള സംഭവങ്ങളൊന്നും തന്നെ ചരിത്രം പറയുന്നില്ല.

ക്രമേണ പള്ളിക്കൂടങ്ങളും അച്ചടിയന്ത്രങ്ങളും കൂടി ചേര്‍ന്ന് അക്ഷരങ്ങളുടെ പ്രകാശനിര്‍മിതമായ ലോകം തെളിഞ്ഞുവരാനും തുടങ്ങിയിരുന്നു. ഖദറിനെക്കുറിച്ചും ജാഥയെക്കുറിച്ചും സത്യാഗ്രഹത്തെക്കുറിച്ചുമെല്ലാം പുത്തനറി വുകള്‍ ഈ ഗ്രാമത്തിന്‍റെ ചെവികളിലുമെത്തിത്തുടങ്ങി. ദേശീയസ്വാതന്ത്ര്യ സമരത്തിന്‍റെ നേതാക്കള്‍ തോട്ടുവരമ്പിലൂടെ ഒളിത്താവളങ്ങള്‍ തേടി നടന്നെത്തുന്നത് കണ്ടു. 

തിരുവിതാംകൂറിലെ ഉത്തരവാദഭരണപ്രക്ഷോഭത്തിന്‍റെ മാറ്റൊലികള്‍ ഗ്രാമസിരകളില്‍ അനുരണങ്ങള്‍ സൃഷ്ടിച്ചു. പിന്നെ മാറ്റത്തിന്‍റെ വേഗത കൂടുകയായിരുന്നു. ഇതോടെ സാമൂഹ്യ ജീവിതത്തില്‍ ഒരു പുതിയഘട്ടം കൂടി ഉദയം ചെയ്തു. ശ്രീനാരായണപ്രസ്ഥാനം ഇളക്കിവിട്ട സാമുദായിക നവോത്ഥാന പ്രസ്ഥാനങ്ങളും, സാംസ്കാരിക രാഷ്ട്രീയ വളര്‍ച്ചയ്ക്ക് വേണ്ടവണ്ണം മണ്ണിനെ ഉഴുതുമറിയ്ക്കുകയാണ് ചെയ്തത്. ആരാധനാസ്വാതന്ത്ര്യത്തിനും വഴിനടക്കാനു ള്ളസ്വാതന്ത്ര്യത്തിനും വേണ്ടി രാജ്യമാസകലം ആഞ്ഞടിച്ച കൊടുംകാറ്റിനൊത്ത് ഈ കൊച്ചുഗ്രാമത്തിലും പ്രതികരണത്തിന്‍റെ അലയടികള്‍ ഉണ്ടായി. ക്ഷേത്രപ്ര വേശന വിളംബരവും, സവര്‍ണ്ണരുടെ മക്കള്‍ക്കും അവര്‍ണ്ണരുടെ മക്കള്‍ക്കും ഒരു പള്ളിക്കൂടത്തില്‍പഠിക്കാനുള്ള അവസരവും കൂടി ആയപ്പോള്‍ സാമൂഹിക സാംസ്കാരിക രംഗത്ത് പുത്തനുണര്‍വ്വിന്‍റെ തുടിതാളങ്ങളുയര്‍ന്നു.

സ്വാതന്ത്ര്യസമരസേനാനിയും ജീവിതാവസാനം വരെയും കോണ്‍ഗ്രസ്സു കാരനായി ജീവിച്ച ശ്രീ.കെ.വി ഗംഗാധരന്‍ (കുട്ടന്‍ മേസ്തിരി) പോത്തന്‍കോടിന്‍റെ സാമൂഹ്യജീവിതത്തില്‍ വിലപ്പെട്ട സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയായ ശ്രീ.ദിവാകരന്‍റെ പേരും ഇത്തരുണത്തില്‍ സ്മരണീയമാണ്.

ഉത്തരവാദ ഭരണപ്രക്ഷോഭത്തിന്‍റെ സമരാഗ്നിയില്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്‍റെ നേതൃത്വബോധമേറ്റുവാങ്ങി ആരംഭിച്ച പൊതുപ്രവര്‍ത്തനം ഒരു പുരുഷായുസ്സ് മുഴുവന്‍ നീണ്ടുനിന്നു. സ്റ്റേറ്റു കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനായി തുടങ്ങിവച്ച ചരിത്രം പിന്നെ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തിരുവിതാംകൂറിലെ ചരിത്രമായി മാറുകയാണുണ്ടായത്. ത്യാഗമെന്ന വാക്കിന്സ്വന്തം ജീവിതം കൊണ്ട് ചാരുത തീര്‍ത്ത വ്യക്തിത്വമാണദ്ദേഹത്തിന്‍റേത്. ഒളിവിലും തെളിവിലും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കെ ഒരിക്കല്‍ കഴക്കുട്ടം മണ്ഡലത്തിലെ എം,എല്‍.എ ആവുകയും എക്കാലത്തും ജനമനസ്സുകളില്‍ എം.എല്‍.എ ആയി പ്രതിഷ്ട നേടുകയും ചെയ്ത അദ്ദേഹം നമ്മുടെയെല്ലാം എക്കാലത്തെയും പ്രിയപ്പെട്ട എം.എല്‍.എ ആയി തീരുകയും ചെയ്തു. കാട്ടായിക്കോണം നേതൃത്വം നല്‍കിയ ജനകീയ സമരങ്ങള്‍ ഓരോന്നായി പറയാന്‍ ഇനിയുമൊരു ഇതിഹാസകാരന്‍ ജനിക്കേണ്ടിയിരിക്കുന്നു. ഒരു ജനതയുടെ സുവര്‍ണ്ണ സ്വപ്നങ്ങള്‍ക്കുവേണ്ടി സ്വജീവിതം ബലിപുഷ്പം പോലെ സമര്‍പ്പിച്ച ശ്രീ.കാട്ടായിക്കോണം ശ്രീധരുടെ ഓര്‍മ്മകള്‍ ജനകീയാസൂത്ര ണത്തിന്‍റെയും, സമഗ്രവികസനത്തിന്‍റെയും വീഥികളില്‍ പ്രകാശം ചൊരിയുന്ന നിറദീപങ്ങളാകട്ടെ.

പോത്തന്‍കോട് പ്രദേശത്തെ രാഷ്ട്രീയ സാമൂഹിക സംസ്കൃതിയില്‍ കമ്മ്യൂണിസ്റ്റ് ആശയഗതികള്‍ക്ക് ഗണ്യമായ സ്ഥാനം നേടിയെടുക്കുന്നതില്‍ ശ്രീ.കാട്ടായിക്കോണം വി. ശ്രീധറുടെ ജീവിത സാന്നിദ്ധ്യവും നേതൃത്വപാഠവവും നല്‍കിയ സംഭാവനകള്‍ വളരെ വലുതാണ്. അദ്ദേഹത്തിന്‍റെ മരണാന്തരം ഈ പഞ്ചായത്തിലെ കാട്ടായിക്കോണത്തു നിര്‍മ്മിച്ച സ്മൃതി മണ്ഡപത്തിന് തല ഉയര്‍ത്തിനിന്ന് കാലത്തോട് മന്ത്രിക്കാന്‍ ഒട്ടേറെ കഥകളുണ്ട്.

കഥകളിക്ക് പ്രസിദ്ധമായ പണിമൂല ദേവീക്ഷേത്രം, അരിയോട്ടുകോണം ശ്രീ തമ്പുരാന്‍ ക്ഷേത്രം, കരൂര്‍ ക്ഷേത്രം തുടങ്ങിയവ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രങ്ങളാണ്. ഈ പഴക്കത്തോടൊപ്പം തന്നെ മതസൗഹാര്‍ദ്ദത്തിനും പഴക്കമുണ്ട്. തച്ചപ്പള്ളി ക്ഷേത്രത്തില്‍ നടന്നുവന്നിരിക്കുന്ന ഒമ്പതുദിവസത്തെ ഊട്ടുംപാട്ടും അനുഷ്ഠാനത്തില്‍ ആറാംദിവസത്തെ പാട്ട് പുരാതന മുസ്ലിം കുടുംബമായ അമ്പാലിക്കോണത്തു ആശാന്മാരുടെ സഹകരണത്തോടെയാണ് നടന്നിരുന്നത്. ചേങ്കോട്ടുകോണം മഠാധിപതിയും ഉജ്ജ്വല വാഗ്മിയും, ഗ്രന്ഥകാരനും, ആദ്ധ്യാത്മികാചാര്യനുമായ ബ്രഹ്മശ്രീ സത്യാനന്ദസരസ്വതിയുടെ ജന്മസ്ഥലം പോത്തന്‍കോട് പഞ്ചായത്തിലെ പണിമൂലയാണ്. ആദ്യകാലത്തെ അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനരംഗം പണിമൂല ദേവീക്ഷേത്ര പരിസരം കേന്ദ്രീക രിച്ചായിരുന്നു.

മുസ്ലിം പള്ളികള്‍ നിരവധിയുണ്ടെങ്കിലും കല്ലൂര്‍ പള്ളി 400-ഓളം വര്‍ഷത്തെ പഴക്കമുള്ളതാണ്. ക്രിസ്ത്യന്‍ ദേവാലയമായ സാല്‍വേഷന്‍ ആര്‍മിചര്‍ച്ച് 1932-ല്‍ പണികഴിപ്പിച്ചു. ഈ കാലയളവിനുള്ളില്‍ ഒരിക്കല്‍പോലും മതസഹിഷ്ണുതയ്ക്ക് പോറലേല്‍ക്കുന്ന ഒരൊറ്റ സംഭവവും എടുത്തുകാട്ടാനില്ലെന്നത് സാംസ്കാരിക തെളിമയുടെ മികവുറ്റ ഉദാഹരണമായി കാണാം.